കീവ്: റഷ്യയ്ക്കുള്ള ചൈനീസ് പിന്തുണ കുറയ്ക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കവേയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനു മേൽ സമ്മർദം ചെലുത്താൻ സെലൻസ്കി ആവശ്യപ്പെട്ടത്.
ദക്ഷിണ കൊറിയയിൽ വ്യാഴാഴ്ച ഷി ജിന്‍പിംഗുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ റഷ്യ - യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നുള്ള ഊർജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടുന്ന യുഎസ് നയത്തെ തങ്ങൾ പിന്തുണയ്ക്കുന്നെന്ന് കീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെലൻസ്കി പറഞ്ഞു.
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഊർജ ഉപഭോക്താക്കളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്നെതിരെയുള്ള ആക്രമണത്തിന് സഹായകരമാണെന്നാണ് യുഎസിന്റെയും യുക്രെയ്നിന്റെയും നിലപാട്.